ഉത്രാടപ്പൂനിലാവെ വാ..
എസ്. കാച്ചപ്പിള്ളി
എസ്. കാച്ചപ്പിള്ളി
അത്തം പത്ത് ഓണമാണ്. ആഘോഷങ്ങളുടെ, ആരവങ്ങളുടെ കേരളീയ തനിമയുടെ ദേശീയോത്സവം. അത്ത നാളില്‍ തുടുങ്ങുന്നു ഓണാഘോഷം. ഓണ തലേന്നാണ് ഉത്രാടം. ഓണത്തിന്റെ വരവിനെ പഴമയുടെ ഓര്‍മ്മകളുമായി കാതോര്‍ത്തിരിക്കുന്ന പഴയ തലമുറക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഓണം എന്നത് എല്ലാ മതവിഭാഗത്തിലും പെട്ടവര്‍ ആഘോഷിക്കുന്നു. എങ്കിലും ഹിന്ദു മതവിഭാഗത്തില്‍ പെട്ടവരിലാണ് ആഘോഷത്തോടൊപ്പം വിശ്വാസത്തിന്റെ പ്രാര്‍ത്ഥനയും ചേര്‍ന്നിരിക്കുന്നത്. ഓണം എന്നത് പണ്ട് കേരളം ഭരിച്ചിരുന്നു എന്നു കരുതപ്പെടുന്ന മഹാബലി ചക്രവര്‍ത്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. കള്ളമൊ, കളവൊ, ചതിവൊ, അളവുകളിലെ കൃത്രിമമൊ ഒട്ടുമില്ലാതിരുന്ന കേരളത്തിന്റെ പ്രതാപകാലത്തെ ഓര്‍മ്മപ്പെടുത്തുന്നതാണ് ഓണം. ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ കളവ്, ചതി, അളവിലും തൂക്കത്തിലുമുള്ള കൃത്രിമങ്ങള്‍ എന്നിവ തെല്ലുമില്ലാതിരുന്ന ഒരു കാലത്തിന്റെ ആഘോഷത്തിന്റെ നാളുകള്‍ അത്തരമൊരു നവലോകം പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകത നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.
കൈകൊട്ടിക്കള്ളി, തലപ്പന്തുകളി, തുമ്പിതുള്ളല്‍, പുലികളി, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, വള്ളംകളി എന്നിങ്ങനെ എത്രയെത്ര കളികളാണ് പ്രാദേശികമായി കൊണ്ടാടപ്പെടുന്നത്. ഇത്തരം കളികളുടെ, ആഘോഷങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണ് ഓരോ കേരളീയന്റേയും മനസ്സില്‍ ഓണം എന്ന പദം കൊണ്ട് ഓടിയെത്തുന്നത്.
എത്ര വിദൂരത്തായിരുന്നാലും ഓണം കേരളീയന്റെ മനസ്സില്‍ സൌഹാര്‍ദ്ദവും സാഹോദര്യവും വളര്‍ത്തിയെടുക്കുവാന്‍ പോന്ന ആഘോഷമായി കൊണ്ടാടപ്പെടുന്നു. കേരളീയന്‍ ലോകത്തിന്റെ ഏതു കോണിലും കാണാമെന്നതു പോലെ തന്നെയാണ്, മലയാളി എവിടെയുണ്ടൊ അവിടെയെല്ലാം ഓണാഘോഷവുമുണ്ട് എന്നത്.
കൂട്ടുകുടുംബ വ്യവസ്ഥയില്‍ ജീവിച്ചിരുന്ന മലയാളിക്ക് ഓണാഘോഷം ഒത്തു ചേരലിന്റെ സായൂജ്യം കൂടി നേടിക്കൊടുക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിപ്പെട്ട മലയാളി നാട്ടിലെത്തി ഓണമാഘോഷിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും ഒത്തുകൂടല്‍ ഏതൊരു കുടുംബത്തെയാണ് ആഹ്ളാദ ചിത്തരാക്കാത്തത്. ബന്ധങ്ങള്‍ക്ക് ഈടും പാവ്വും നല്‍കി ഊട്ടി ഉറപ്പിക്കാന്‍ എന്നും വെമ്പല്‍ കൊള്ളുന്ന കേരളീയനു ലഭിക്കുന്ന അസുലഭ ആഘോഷം കൂടിയായിരിക്കുന്നു ഓണം.
വിളവെടുപ്പിന്റെ സമൃതിയുടെ നാളുകളിലാണ് ഓണഘോഷം. കേരളീയന്റെ വര്‍ഷാരംഭമായ ചിങ്ങമാസത്തിലാണ് ഓണമാഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ ഓണം ആഘോഷിക്കുന്നു. തുമ്പപ്പൂക്കളും മന്ദാരപ്പൂക്കളുമെല്ലാം പ്രകൃതി മനോഹരമാക്കിയ ചിങ്ങമാസത്തിലെ തിരുവോണം ലോകത്തിന്റെ ഏതു കോണിലാണെങ്കിലും കേരളീയനെ ഓര്‍മ്മപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും തന്നെ ചെയ്യും.
ഏതു ന•യുടെ പ്രതിരൂപങ്ങളേയും തകര്‍ത്തു തരിപ്പണമാക്കുവാന്‍ ബാഹ്യ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും സദാ ജാഗരൂഗരായിരിക്കുന്നു എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നതാണ് ഓണം. ഐശ്വര്യത്തിന്റ ഭരണകര്‍ത്താവായിരുന്ന മഹാബലി തമ്പുരാനോട് വേഷം മാറി വന്ന വാമനന്‍ ചോദിച്ചത് തന്റെ കാലുകൊണ്ട് അളന്നു ലഭിക്കുന്ന മൂന്നടി മണ്ണാണ്. മഹാദാന പ്രഭുവായ മഹാബലിത്തമ്പുരാന് അത്രയും ചെറുതെന്നു തോന്നിക്കുന്ന ആവശ്യത്തെ നിരാകരിക്കുവാന്‍ എങ്ങനെയാണു കഴിയുക. തന്റെ ഉപദേഷ്ഠാവും മന്ത്രിയുമെല്ലാം വമാനന്റെ ചതിയെ ഉത്ബോധിപ്പിക്കുമ്പോഴും മഹാബലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.
തന്റെ ആവശ്യങ്ങള്‍ ചോദിച്ചു വാങ്ങിയ വാമനന്‍ പിന്നീടു ശരിയായ രൂപം പ്രാപിക്കുകയും ചെയ്തു. രണ്ടടി വച്ചപ്പോള്‍ തന്നെ ഭൂമിയും പാതാളവും അളന്നു കഴിഞ്ഞിരുന്നു. മൂന്നാമത്തെ അടി തന്റെ തലയില്‍ ചവിട്ടാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന മഹാബലി എളിമയുടെ സത്യത്തിന്റെ പ്രതിരൂപവുമാകുന്നു. ഇന്നത്തെ ഏതു ഭരണകര്‍ത്താവിനാണ് ഇത്തരം എളിമയും കാരുണ്യവും പ്രതിസന്ധികളില്‍ പ്രകടിപ്പിക്കാന്‍ കഴിയുക. എന്നിട്ടൊ ആ മഹാപ്രഭു ചോദിച്ചു വാങ്ങിയത് വര്‍ഷത്തിലൊരിക്കന്‍ തന്റെ പ്രജകളെ നേരില്‍ കാണാനുള്ള അവസരവും. രാജ്യഭരണം നഷ്ടപ്പെട്ട് പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി അങ്ങനെ ഓണനാളില്‍ തന്റെ പ്രജകളെ നേരിട്ടു കാണാനായി കേരളത്തിലെത്തുന്ന മഹാസുദിനം കേരളീയന്‍ ഓണമായി ആഘോഷിക്കുന്നു.
എല്ലാ രജ്യങ്ങളിലും ഏതെങ്കിലും കഥകളുമായി ബന്ധപ്പെടുത്തി ആഘോഷങ്ങളും ദേശീയോത്സവുങ്ങളും കൊണ്ടാപ്പെടുന്നുവെങ്കിലും ഇത്രയും മഹനീയമായ ഒരു കഥയുടെ പശ്ചാത്തലത്തില്‍ ഒരാഘോഷം ഒരു പക്ഷെ കേരളീയനു മാത്രം സ്വന്തമായിട്ടുള്ളതാണ്.
ആഘോഷങ്ങളുടെ ആഘോഷമായ ഓണത്തെ വരവേല്‍ക്കാതിരിക്കാന്‍ ഏതൊരു മലയാളിക്കാണ് കഴിയുക. ഏതൊരു കവിക്കാണ് “ഉത്രാടപ്പൂനിലാവെ വാ……” എന്നു പാടി തന്റെ കവിത്വത്തിനു പൂര്‍ണ്ണത നല്‍കാതിരിക്കാന്‍ കഴിയുക.