മുകളിലൊരാള്‍
എസ്സ്.കാച്ചപ്പിള്ളി
എസ്സ്.കാച്ചപ്പിള്ളി
സ്മിതയെ കാണുമ്പോഴെല്ലാം അമ്മയെ ഓര്‍മ്മവരിക പതിവായിരിക്കുന്നു. സ്മിത ജോലിക്കു ജോയിന്‍ ചെയ്തതിനു ശേഷമുള്ള ഒരു പതിവായി മാറിയിരിക്കുന്നു. അമ്മയെ ഫോണില്‍ വിളിക്കുമ്പോള്‍ പല പ്രാവശ്യം ചോദിച്ചു പോയിട്ടുള്ളതാണ് “എന്തിനാണമ്മെ സ്മിതയെ ഒരു ജോലി നേടാന്‍ സഹായിച്ചത്”. അപ്പോഴെല്ലാം അമ്മ പറയും “നല്ലതിനെന്നു കരുതി നമ്മള്‍ ചെയ്യുന്നു. ഭഗവാന്‍ എല്ലാം നോക്കി കാണാതിരിക്കുമൊ”.
സ്മിതയുമായി എന്നും വഴക്കു പതിവുള്ളതാണ്. ആദ്യദിവസം തന്നെ സ്മിത കാണിച്ച തെമ്മാടിത്തരം മതി തനിക്ക് സ്മിതയുടെ സ്വഭാത്തെ ഇത്ര വെറുക്കാന്‍. സ്മിത ജോലിക്കു ജോയിന്‍ ചെയ്യാന്‍ വന്ന ദിവസമായിരുന്നു. ഒരു ജോയിനിങ് ലെറ്റര്‍ വേണമെന്നു പറഞ്ഞതിന് ഉടനെ മറുപടി ലഭിച്ചു. സ്മിത പറഞ്ഞു “ഞാന്‍ തന്നെ ജോയിനിങ് ലെറ്റര്‍ എഴുതണമെന്ന് എന്താണിത്ര നിര്‍ബന്ധം. എഴുതി തന്നാല്‍ ഞാന്‍ ഒപ്പിട്ടു തരാം”.
മറുപടി പറഞ്ഞു കഴിഞ്ഞതിനു ശേഷമുള്ള സ്മിതയുടെ നില്‍പ്പു കണ്ടാല്‍ വയറു നിറച്ചു തന്നില്ലെ. ഇനി വിശ്രമിച്ചോളു എന്നു പറയുന്നതു പോലെ തോന്നും. ശരിയാണു കുട്ടി വയര്‍ നിറഞ്ഞിരിക്കുന്നു.
എനിക്കു പോകാന്‍ അല്പം തിടുക്കമുണ്ടായിരുന്നു. മറുത്തൊന്നും പറഞ്ഞില്ല. സ്മിത എഴുതും പോലെ ജോയിനിങ് ലെറ്റര്‍ എഴുതി ഒപ്പിടേണ്ട ഭാഗം ചൂണ്ടിക്കാണിച്ചു. ഒന്നു വായിച്ചു നോക്കുകപോലും ചെയ്യാതെ സ്മിത അതില്‍ ഒപ്പിട്ടു.
എന്തൊ ഒരു “പുലിവാല്‍ പിടിച്ചതു” വന്നു കേറിയതുപോലെയാണ് തോന്നിയത്. സാരമില്ലെന്ന് മനസ്സില്‍ നൂറുവട്ടം പറഞ്ഞു നോക്കി. എന്നിട്ടും എവിടെയൊ ഒരു തികട്ടല്‍. ശാന്തമായാണ് ഹാജര്‍ പുസ്തകം നീട്ടിയത്. ഒപ്പിടാന്‍ സ്മിതയോട് ആഗ്യം കാണിച്ചു. സ്മിത ഹാജര്‍ ബുക്കിലെ തീയതി നോക്കി രണ്ടു ദിവസം മുമ്പുള്ള തീയതില്‍ ഒപ്പു വച്ചു. എന്റെ ക്ഷമ നശിച്ചിരുന്നു. “കുട്ടി തീയതി നോക്കി ഒപ്പിടാന്‍ പഠിച്ചിട്ടില്ലെ. രണ്ടു ദിവസം മുമ്പുള്ള തീയതിയിലാണ് ഒപ്പിട്ടിരിക്കുന്നത്”.
വളരെ നിര്‍വ്വികാരതയോടെയായിരുന്നു സ്മിതയുടെ മറുപടി: “ഓ. അതെല്ലാം നോക്കിയിട്ടു തന്നെയാണ് ഒപ്പിട്ടിരിക്കുന്നത്”. രണ്ടു ദിവസം മുമ്പ് തന്നെ ജോയിന്‍ ചെയ്യേണ്ടിയിരുന്നതാണ്”.
അപ്പോഴാണ് ഞാന്‍ സ്മിതയുടെ റിലീവിങ് ഓര്‍ഡര്‍ പരിശോധിക്കുന്നത്. ഇത്രയും അഹംഭാവം കാണിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. തിരക്കിനിടയില്‍ സംഭവിച്ചതാണ്. റിലീവിങ് ഓര്‍ഡറനുസരിച്ച് ജോയിന്‍ ചെയ്യാന്‍ വന്നിരിക്കുകയാണെന്നു കരുതി. ദൈവമെ, ഈയിടെയായി പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയാണല്ലൊ. എന്തൊ ആപത്തിനു സമയമായിരിക്കുന്നതുപോലെ. പലപ്പോഴും നിരീക്ഷണങ്ങള്‍ തെറ്റിയിട്ടുണ്ടെങ്കിലും രണ്ടു ദിവസം വൈകിയിട്ടും ഒരു പരിഭവം പോലുമില്ലാതെ ആ ദിവസം തൊട്ടു ഒപ്പിടാനുള്ള തന്റേടം ഇവര്‍ക്കൊക്കെ എങ്ങനെ ലഭിക്കുന്നു.
പലതരം മനുഷ്യരല്ലെ. പലതും കണ്ടില്ലെന്നു നടിക്കാന്‍ ശ്രമിക്കാറുള്ളതാണ്. എന്നാല്‍ ഇക്കാര്യം അത്ര നിസ്സാരമായി കണക്കാക്കാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ പറഞ്ഞു: “മതി, സംസാരിച്ചത് മതി. വൈകിയതിനുള്ള വിശദീകരണം തന്നിട്ടു മതി ജോലിക്കു ജോയിന്‍ ചെയ്യാന്‍”. ഞാന്‍ ജോയിനിങ് ലെറ്റര്‍ എടുത്തു കുട്ടയിലേക്കെറിയാനുള്ള ശ്രമത്തിലായിരുന്നു. സ്മിത എന്റെ കയ്യില്‍ കടന്നു പിടിച്ചു. “ഞാന്‍ ഒപ്പിട്ട കടലാസ്സാണിത്. ഞാന്‍ ജോയില്‍ ചെയ്യുക തന്നെ ചെയ്യും”. എന്റെ ക്ഷമ നശിച്ചിരുന്നു. എന്നിട്ടു പറഞ്ഞു: “എന്നാല്‍ അതുതന്നെ കാണട്ടെ”. ഞാന്‍ കസേരയിലേക്കമര്‍ന്നിരുന്നു.
ബഹളം കേട്ടിട്ടാകണം നഴ്സുമാരുടെ സംഘടന പ്രതിനിധികള്‍ ഓടിയെത്തി. ആരൊ എന്റെ ചെവിലെന്നോണം പറഞ്ഞു. “സംഘടനയുടെ മേഖല സെക്രട്ടറിയാണ്. മാഡം ഇത്തിരി പുളിക്കും. ജോയിന്‍ ചെയ്യാന്‍ അനുവദിക്കണം”.
നടപ്പില്ല എന്നു പറയണമെന്നുണ്ടായിരുന്നു. മുന്‍ അനുഭവങ്ങള്‍ വച്ചു നോക്കുമ്പോള്‍ അങ്ങനെ പറയാന്‍ തോന്നിയില്ല. പതുക്കെ കസേരയില്‍ ഇളകിയിരുന്നു. എന്നിട്ടു പറഞ്ഞു: “നോക്കു, ഇന്നു സിസേറിയനുള്ള ദിവസമാണ്. എന്നെ പോകാന്‍ അനുവദിക്കണം”. എന്റെ ശബ്ദം ഇടറിയിരുന്നു.
മറുപടി സ്മിതയാണ് പറഞ്ഞത്: “തിരുവായില്‍ നിന്ന് ഉത്തരം കിട്ടിയാല്‍ മാത്രം മതി”. അപ്പോഴേക്കും മുദ്രുവാക്യം വിളി തുടങ്ങിയിരുന്നു. മദ്യപിച്ചു ലെക്കുകെട്ട് ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ച കേശവനായിരുന്നു മുദ്രാവാക്യം വിളിക്കു തുടക്കമിട്ടത്. അല്പം ശാന്തമായി ഞാന്‍ എന്റെ മുന്‍ അനുഭവങ്ങളെ വിലയിരുത്തി. നാടോടുമ്പോള്‍ നടുവെ ഓടുന്നതാണു ബുദ്ധി എന്ന് എനിക്ക് മനസ്സിലായി. ഞാന്‍ പറഞ്ഞു: “ശരി, നിങ്ങളുടെ ആഗ്രഹം പോലെ നടക്കട്ടെ”.
അപ്പോഴേക്കും കേശവന്‍ മുന്നോട്ടുവന്നു. കഴിഞ്ഞയാഴ്ച മദ്യപിച്ചു വന്ന ദിവസങ്ങളില്‍ ഒപ്പിടാനനുവദിക്കാതിരുന്ന ദിവസങ്ങളിലെല്ലാം അയാള്‍ ഒപ്പിട്ടു. കേശവന്‍ പറഞ്ഞു: “ഞാന്‍ ഇതുവരെ മദ്യപിച്ചു ജോലിക്കു വന്നിട്ടില്ല”. അപ്പോഴും കേശവന്റെ നാവ് കുഴയുന്നുണ്ടായിരുന്നു”. ആവനാഴിയിലെ അസ്ത്രമെല്ലാമൊഴിഞ്ഞ് ആള്‍ കൂട്ടം വിവസ്ത്രയാക്കപ്പെട്ട പോലെ ഞാന്‍ നിലകൊണ്ടു.
മറ്റുള്ളവരോടൊത്ത് മുറിവിട്ടു പോകുന്നതിനിടയില്‍ സ്മിത പറഞ്ഞു: “ഞാന്‍ ഇവിടെയൊക്ക തന്നെ കാണും”.
എനിക്ക് അമ്മയെ ഫോണ്‍ ചെയ്യണമെന്നു തോന്നി. അങ്ങേ തലക്കല്‍ അമ്മയുടെ ശബ്ദം ഒരു താരാട്ടു പാട്ടു പോലെ എനിക്കനുഭവപ്പെട്ടു. എന്തൊ എനിക്കു നഷ്ടപ്പെട്ട സമാധാനം തിരിച്ചു കിട്ടിയതുപോലെ. ഞാന്‍ സ്മിതയെപ്പറ്റി പറഞ്ഞു. ഞാന്‍ കൂടുതലൊന്നും പറഞ്ഞില്ല. എന്റെ തിരക്ക് പറഞ്ഞിട്ട് പിന്നീട് വിളിക്കാമെന്നു പറഞ്ഞു.
അമ്മയുടെ നാവിന്റ കെട്ടുപൊട്ടിയതുപോലെയായിരുന്നു. “മരിക്കുന്നതിനു മുന്‍പ് എന്തെങ്കിലും ന• ചെയ്യുക. ഞാന്‍ എന്നാലാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. അവളുടെ ന•യെക്കരുതി നല്ലതെല്ലാം പറയുകയും ചെയ്തുകൊടുക്കുകയും ചെയ്തു. എനിക്കവളെ നിന്നെപ്പോലെ രൂപപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. കാരണം നീയെന്റെ വയറ്റില്‍ പിറന്നവളാണ്. ഞാന്‍ അവളേയും ഒരു മകളായി മാത്രമെ കാണാന്‍ ശ്രമിച്ചിട്ടുള്ളൂ”. എനിക്ക് ചിരിക്കാനാണ് തോന്നിയത്. “മകളായൊ, സ്മിതയെയൊ”. കാര്യങ്ങളെല്ലാം ഞാന്‍ വിവരിച്ചു പറഞ്ഞു. അമ്മ മറുപടിയെന്നോണം പറഞ്ഞു: “നീ എന്റ വയറ്റില്‍ പിറന്നവളാണ്. നിനക്ക് നിന്റെ അച്ഛന്റെ എല്ലാ സുകൃതങ്ങളും ലഭിച്ചിട്ടുണ്ട് അവളുടെ അച്ഛനുമമ്മയുടെയും സാഹചര്യങ്ങള്‍ വ്യത്യസ്തങ്ങളാണ്”. അമ്മ വലിയ വലിയ കാര്യങ്ങള്‍ പറയാനുള്ള ശ്രമത്തിലായിരുന്നു.
അമ്മയുമായുള്ള സംഭാഷണങ്ങളില്‍ സ്മിത കടന്നുവരിക പതിവായിരിക്കുന്നു. അപ്പോഴെല്ലാം ഞാന്‍ പറയും. അമ്മ മുടക്കിയ കാശും പ്രയത്നവും കടലില്‍ ഉപ്പു കലക്കിയ പോലെയായി. അമ്മ പറയും: “എന്റെ പ്രയത്നങ്ങള്‍ വെറുതെയാവില്ല. എപ്പോഴെങ്കിലും എന്റെ വാക്കുകള്‍ അവള്‍ തിരിച്ചറിയും. നമ്മള്‍ ന• പ്രതീക്ഷിച്ചല്ലെ കുട്ടി എല്ലാം ചെയ്യുന്നത്”. അമ്മക്ക് സ്മിതയുടെ പ്രൊമോഷന്‍ കാര്യങ്ങള്‍ അറിയണം. അമ്മക്ക് സന്തോഷമാകട്ടെ. ഞാന്‍ പറഞ്ഞു: “അവള്‍ പിന്നോക്കവിഭാഗത്തില്‍ പെട്ടവളല്ലെ. വേഗം പ്രൊമോഷന്‍ ആവുകയും കൂടുതല്‍ നാള്‍ ഉന്നത പദവിയിലിരിക്കുകയും ചെയ്യും”. എങ്കിലും സ്മിതയോടുള്ള അസഹിഷ്ണത മറച്ചു വക്കാനാകാത്തവിധം തികട്ടിവന്നപ്പോള്‍ ഞാന്‍ കൂട്ടി ചേര്‍ത്തു: “എന്തിനാണമ്മെ സ്മിതയെ ഒരു ജോലി നേടാന്‍ സഹായിച്ചത്”.
അമ്മയില്‍ നിന്നും സ്മിതയെപ്പറ്റിയുള്ള ചില കാര്യങ്ങള്‍ മനപ്പൂര്‍വ്വം മറച്ചു വച്ചിട്ടുണ്ട്. അമ്മയുടെ മുമ്പില്‍ സ്മിതയുടെ കുറ്റങ്ങള്‍ പറയരുതെന്ന് മനസ്സില്‍ തീരുമാനമെടുത്തിരുന്നു. ഒരു ദിവസം ആശുപത്രി ഗയിറ്റിനു മുമ്പിലുള്ള വളവു തിരിഞ്ഞു വരികയായിരുന്നു. ഗയിറ്റിനരുകിലെ ബഹളം കേട്ട് ബ്രേക്ക് ചവിട്ടി. ഏതൊ രാഷ്ട്രീയ പാര്‍ട്ടി യുവജന സംഘടന ആശുപത്രി ഗയിറ്റിനു മുമ്പില്‍ കുത്തിയിരിക്കുകയാണ്. ഇനി എങ്ങനെയാണ് അകത്തേക്ക് പ്രവേശിക്കുക. ഇന്ന് സിസേറിയന്‍ ഉള്ള ദിവസമാണ്. അകത്ത് കടക്കുകയെ നിര്‍വ്വാഹമുള്ളൂ. അറച്ചറച്ചാണെങ്കിലും ഒന്നു പറഞ്ഞു നോക്കാമെന്നു തീരുമാനിച്ചു. വണ്ടി ഒഴിഞ്ഞ ഭാഗത്തേക്ക് നീക്കിയിട്ട് പയ്യെ നടന്നു. അപ്പോഴേക്കും സ്മിതയും എത്തിയിരുന്നു. ഞാന്‍ വേവലാതിപ്പെട്ട് പറഞ്ഞു: “ഇന്നു സിസേറിയനുള്ള ദിവസമാണ്”. മറുപടിയെന്നോണം സ്മിത പറഞ്ഞു: “നമ്മള്‍ ജീവനക്കാരാണ്. ജീവനക്കാരെ തടയാന്‍ ഇവര്‍ക്കവകാശമില്ല”. ഒന്നു ചോദിച്ചു നോക്കാനുള്ള സാവകാശം തരുംമുന്‍പെ സ്മിത എന്നേയും വലിച്ച് അകത്തേക്കു നടന്നു.
ഞങ്ങള്‍ അകത്തേക്കു കയറുന്നതും കണ്ട് കുറച്ചു ചെറുപ്പക്കാര്‍ എഴുന്നേറ്റു വന്നു. അവരിലൊരാള്‍ സ്മിതയെ ചൂണ്ടി പറഞ്ഞു: “മാഡം ഒന്നു നില്‍ക്കണെ”. എന്നെയായിരിക്കുമെന്നു കരുതി ഞാനൊന്നു പകച്ചു. അപ്പോഴയാള്‍ എന്നോടു പറഞ്ഞു. “മാഡം പൊയ്ക്കൊള്ളൂ. ഞങ്ങള്‍ക്കിവളെ മതി. സ്മിതയേയും അകത്തേക്കു വിടാന്‍ ഞാന്‍ കെഞ്ചി നോക്കി. അവര്‍ ഞാന്‍ പറഞ്ഞ കാര്യം ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. എന്തിനാണ് സ്മിതക്കു വേണ്ടി യാചിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് തിരിച്ചറിയാനായില്ല. അപ്പോള്‍ അങ്ങനെയാണ് തോന്നിയത് എന്നു മാത്രം. കൂട്ടത്തിലൊരാള്‍ ചെരുപ്പുകൊണ്ടുള്ള മാലയുമായി ഓടിയടുക്കുന്നുണ്ടായിരുന്നു. സ്മിത “ഞാന്‍ പാര്‍ട്ടി യൂണിയന്റെ സെക്രട്ടറിയാണ്” എന്നൊക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. മറുപടിയെന്നോണം ഒരാള്‍ പറഞ്ഞു: “പാര്‍ട്ടി യൂണിയന്റെ സെക്രട്ടറിയല്ലെ, പാര്‍ട്ടി സെക്രട്ടറിയൊന്നുമല്ലല്ലൊ”.
അന്നും പതിവുപോലെ അമ്മയെ ഫോണില്‍ വിളിച്ചു. ചോദിക്കരുതെന്നു മനസ്സില്‍ കരുതിയതാണെങ്കിലും അിറയാതെ ചോദ്യം ആവര്‍ത്തിച്ചു: “എന്തിനാണമ്മെ സ്മിതയെ ഒരു ജോലി നേടാന്‍ സഹായിച്ചത്”. പതിവുപോലെയായിരുന്നു അമ്മയുടെ മറുപടി: “നല്ലതിനെന്നു കരുതി നമ്മള്‍ ഓരോന്നു ചെയ്യുന്നു. എല്ലാം നോക്കി കാണാന്‍ മുകളിലൊരാള്‍ ഉണ്ടല്ലൊ”.
*****
*****
No comments:
Post a Comment