Wednesday, December 28, 2011

സമുദായത്തിനൊരു വോട്ട്


                                                   സമുദായത്തിനൊരു വോട്ട്

                                                                                                                                           എസ്.കാച്ചപ്പിള്ളി

     ഞാന്‍ വോട്ടു ചെയ്യണ്ട എന്നു തീരുമാനിച്ചു.  എനിക്കവകാശപ്പെട്ട വോട്ടുകള്‍ ഞാനിതുവരെ പാഴാക്കിയിട്ടില്ല.  എന്നാല്‍ ഇപ്രാവശ്യം വോട്ടു ചെയ്യണ്ട എന്നു തീരുമാനിക്കുകയായിരുന്നു.  നാട്ടില്‍ ജനാധിപത്യം പുലരണമെന്നും നിയമവാഴ്ച തടസ്സം കൂടാതെ നടപ്പാകണമെന്നും ഞാന്‍ ആഗ്രഹിക്കുമ്പോഴും വോട്ടു ചെയ്യണ്ട എന്നു തീരുമാനിക്കുകയായിരുന്നു.

     വോട്ടു ചെയ്യാതിരിക്കാന്‍ എനിക്കവകാശമുണ്ടൊ എന്നത് എന്നെ ഏറെ ചിന്തിപ്പിസ്സിട്ടുള്ളതാണ്.  എന്റ അഭിപ്രായത്തില്‍ വോട്ടു ചെയ്യാതിരിക്കുക എന്നത് ശരിയായ കാര്യമായി കരുതിയിരുന്നില്ല.  പൂര്‍വ്വികരോടുള്ള നിന്ദയായിരിക്കും വോട്ടു ചെയ്യാതിരിക്കുന്നത് എന്ന് ഞാന്‍ കരുതിയിരുന്നു.  പഴയ കൊളോണിയല്‍ വ്യവസ്ഥയില്‍ നിന്നും സ്വാതന്ത്ര പെരുമയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തില്‍ ജീവനൊടുക്കിയ പൂര്‍വ്വികരോടുള്ള നിന്ദയായിരിക്കും വോട്ടു ചെയ്യാതിരിക്കുന്നത് എന്നു ഞാന്‍ വിചാരിച്ചിരുന്നു.  അതുകൊണ്ടുതന്നെ പല കാര്യങ്ങളും മാറ്റി വച്ചിട്ടാണെങ്കിലും വോട്ടു ചെയ്യുക എന്നതില്‍ നിന്നും ഞാനൊരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ല. 

     പല രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സാംസ്ക്കാരിക നായകരും അവരുടെ തിരക്കിനിടയിലും മന:പൂര്‍വ്വമായും വോട്ടു ചെയ്യാതിരിക്കുമ്പോഴും എനിക്കാരേയും ബോധ്യപ്പെടുത്താനുണ്ടായിരുന്നില്ല.  എന്റെ മനസ്സാക്ഷിക്ക് രാഷ്ട്രീയക്കാരരൊ, സാമൂഹ്യ പ്രവര്‍ത്തകരൊ വോട്ടു ചെയ്യണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ല. 

     ഇപ്രാവശ്യം വോട്ടു ചെയ്യണ്ട എന്നു സ്വയം തീരുമാനിക്കുകയായിരുന്നു.  രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാവരും ജാതി നോക്കി സീറ്റുകള്‍ വീതം വക്കുകയായിരുന്നു.  മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികള്‍ എല്ലാവരും ഒരു സമുദായത്തിലെ തന്നെ അംഗങ്ങളാണ് എന്നത് എന്നെ ഏറെ ചിന്തിപ്പിച്ചു.  നല്ല സംസ്ക്കാരവും മന:സ്സാക്ഷിയുമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുന്നതിനു പകരം ജാതി തിരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എന്നെ അലോസരപ്പെടുത്തി. ഏതെങ്കിലുമൊരു സമുദായത്തിലെ സ്ഥാനാര്‍ത്ഥികള്‍ മാത്രമെ മത്സരിക്കുന്നുള്ളൂ എന്നതുകൊണ്ട് അവര്‍ക്കുതന്നെ നിര്‍ബന്ധപൂര്‍വ്വം വോട്ടു ചെയ്യേണ്ടി വരുന്നത് എന്റ ജനാധിപത്യ വിശ്വാസങ്ങള്‍ക്ക് യോജിച്ചതായി ഞാന്‍ കരുതിയിരുന്നില്ല.

     വ്യാജമദ്യ വില്‍പ്പന നടത്തി നാട്ടില്‍ കുപ്രസിദ്ധനായിരുന്നു ഒരു സ്ഥാനാര്‍ത്ഥി.  സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ എത്ര പെട്ടെന്നാണ് വോട്ടു ചോദിച്ച് കണ്ണിലുണ്ണിയായി മാറുന്നത്.  ഈ ജനാധിപത്യതന്ത്രം ഞാന്‍ നിരസ്സിക്കാന്‍ തന്നെ തീരുമാനിച്ചു.  അത്തരം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയങ്ങള്‍ ജനാധിപത്യത്തുനു മാത്രമല്ല നമ്മുടെ സംസ്ക്കാരിക പൈത്രുകത്തിനു തന്നെ ചോദ്യചിന്ദമായി ഞാന്‍ കരുതി. 

     പഴയ വ്യാജമദ്യ വില്‍പ്പനക്കാര്‍ ഇപ്പോഴത്തെ ബാറുടമകളുമായി സൌഹൃതത്തിലാണെന്നും കാശുകൊണ്ടും അല്ലാതെയും സഹായിക്കാന്‍ തയ്യാറാണെന്നുമുള്ള കാര്യം എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ്.  താഴ്ന്ന സംസ്ക്കാരം സമൂഹത്തില്‍ വേരൂന്നുന്നതിനെ എതിര്‍ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.  ഏതു സമൂദായത്തെ പ്രീണിപ്പിച്ചാലാണ് വോട്ടു നേടുകയും വജയം വരിക്കുകയും ചെയ്യുക എന്നത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് ആവശ്യമായിരിക്കാം.  എന്നാല്‍ എനിക്ക് വലുത് സമൂഹത്തിന്റ മാന്യതയും സംസ്ക്കാര അവബോധവുമാണ്.

     രമേശന്‍ സ്ഥാനാര്‍ത്ഥിയാണെന്ന് ഞാനറിയുന്നത് എന്റ വീട്ടുപടിക്കല്‍ വോട്ടുതേടി എത്തിയപ്പോഴാണ്.  ഞാന്‍ സംശയ നിവാരത്തിനെന്നവണ്ണം ചോദിച്ചു: രമേശന്‍ സ്ഥാനാര്‍ത്ഥിയൊ?” സത്യത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു തന്നെയാണ് ചോദിച്ചത്.  മറുപടി പറഞ്ഞത് രമേശനു കൂടെയുള്ള നേതാവാണ്.  രമേശനു വോട്ടു ചെയ്യണം.  വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം

     ഞാന്‍ നേതാവിന്റ അടുക്കലേക്ക് ചേര്‍ന്നു നിന്നു.  എന്നിട്ടു സംശയ നിവാരണമെന്നോണം ചോദിച്ചു: ഇലക്ട്രിസിറ്റി ബോര്‍ഡിലെ സാധനങ്ങള്‍ കളവുചെയ്ത് ജോലി പോയ .. .. ..  .

     ഞാന്‍ പൂര്‍ത്തിയാക്കും മുമ്പേ നേതാവ് പറഞ്ഞു: രമേശന്‍ അത്തരക്കാരനൊന്നുമല്ല.  അതെല്ലാം തെറ്റിദ്ധാരണയാണ്.  രമേശനെപ്പറ്റി പ്രചരിച്ചതാണ്.  രമേശന്‍ അടിയുറച്ച പാര്‍ട്ടിക്കാരന്‍ കൂടിയാണ്.  ഇപ്രാവശ്യം രമേശന്‍ തന്നെ ജയിക്കണം”.  കൂട്ടത്തിലുണ്ടായിരുന്ന സമുദായനേതാക്കള്‍ എന്റ കടമയെ ഓര്‍മ്മപ്പെടുത്തി: ഞങ്ങളുടെ സമുദായത്തെ ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് നിങ്ങളുടെയൊക്കെ കടമയാണ്”. 

     നേതാവിനോടു മറിച്ചൊന്നും പറയാന്‍ എനിക്ക് തോന്നിയില്ല.  രമേശന്‍ കളവിന് ശിക്ഷിക്കപ്പെട്ടവനാണെന്നുള്ള കാര്യം എനിക്കറിവുള്ളതാണല്ലൊ.  പോകുന്നതിനു മുമ്പായി രമേശന്‍ എന്നെ തൊഴുതിട്ടു പറഞ്ഞു: എനിക്കു തന്നെ വോട്ടു ചെയ്യണം.  ഞാനൊന്നു കരപറ്റട്ടെ”.  ശരിയാണ് കളവും ബാറുകാരനുവേണ്ടി അടിപിയുമൊക്കെ നടത്തി മുന്‍പരിചയമുള്ള രമേശനു കരപറ്റാന്‍ സ്ഥാനാര്‍ത്ഥി കുപ്പായമാണ് യോജിച്ചതെന്ന് കരുതിയിരിക്കാം. 

     നേതാവിന്റ പാര്‍ട്ടിക്കാര്‍ ജയിക്കാറുള്ള സീറ്റാണ്.  അതുകൊണ്ടുതന്നെ ഇപ്രാവശ്യം നേതാവിന്റ സ്ഥാനാര്‍ത്ഥി ജയിക്കുമെന്നു തന്നെ ഞാന്‍ കണക്കുകൂട്ടി.  കാശിനു തല്‍ക്കാലം ക്ഷാമമുണ്ടാകാന്‍ തരമില്ല.  രമേശന്‍ സ്ഥാനാര്‍ത്ഥി ബാറുകാരുടെ ബിനാമിയാണെന്നുള്ള കാര്യം നാട്ടില്‍ പാട്ടായിട്ടുള്ളതാണ്.  തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരം എന്നതു കേട്ടതു മുതല്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്.  പക്ഷെ ഇത്ര എളപ്പത്തില്‍ ജയിക്കാവുന്ന സീറ്റുതന്നെ ബാറുമുതലാളി പാര്‍ട്ടിക്കാരില്‍നിന്നും വാങ്ങിയെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല.  സമുദായത്തിന്റ വീതം വയ്പിലാണ് സീറ്റു വിഭജനം നടന്നത് എന്നു പറഞ്ഞതും നേതാവ് തന്നെയായിരുന്നു. 

     രമേശനെപ്പോലൊരാള്‍ക്ക് വോട്ടു ചെയ്യുക എന്നത് എനിക്കാലോചിക്കാന്‍ വയ്യായിരുന്നു.  ഏതെങ്കിലുമൊരു സമുദായത്തിനു നിര്‍ബന്ധപൂര്‍വ്വം വോട്ടു ചെയ്യേണ്ടി വരിക എന്നതും എനിക്കാലോചിക്കാന്‍ വയ്യായിരുന്നു.  ഞാന്‍ വോട്ടു ചെയ്യേണ്ട എന്നു തീരുമാനിച്ചു. 

No comments:

Post a Comment