ഒരു സെല്ഫ് ഫിനാന്സിഗ് പഠനത്തിന്റ കഥ
എസ്.കാച്ചപ്പിള്ളി
പഠനത്തിന്റ തിരക്കിലായിലുന്നു. ഒരു എന്ജിനീയറാകണമെന്നു തീരുമാനിച്ചുള്ള പഠനമായിരുന്നു. പഠനം മുന്കൂട്ടി തീരുമാനിച്ചതാണ്. എന്ജിനിയറാകാനുള്ള തയ്യാറെടുപ്പുകള്‍ വളരെ മുന്കൂട്ടി തുടങ്ങിയതായിരുന്നുവല്ലൊ. കൂടുതല്‍ കൂടുതല്‍ വാശിയോടെ പഠിക്കുമ്പോഴും എന്ജിനീയറാകാനുള്ള തയ്യാറെടുപ്പും ആത്മവിശ്വാസവും ഏറിവന്നിരുന്നു.
പ്രിഡിഗ്രി പഠിക്കുമ്പോഴാണ് എനിക്ക് എന്ജിനീയറിംഗിന് പോകണമെന്നു തോന്നിയത്. പ്രവേശനം കിട്ടുക അത്ര എളുപ്പമല്ല എന്നു പറയുമ്പോഴും എനിക്ക് സാധ്യമായതാണ് എന്ജിനീയറിംഗ് പഠനം എന്നു ഞാന്‍ വിശ്വസിച്ചു. എന്റ കൂട്ടുകാരി ശാമളയോട് സ്കൂളിലേക്ക് പോകുംവഴിയാണ് ഞാനിക്കാര്യം ആദ്യമായി പറയുന്നത്. ശ്യാമള ചിരിച്ചതെയുള്ളൂ. എന്ജിനീയറിഗിനൊക്കെ കൂടുതല്‍ പഠിക്കാനുണ്ടാകുമെന്നും അതിനാല്‍ അവള് അത്തരം പഠനത്തിലേക്കില്ലെന്നും തീര്ത്തു പറഞ്ഞു. ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. നല്ലവണ്ണം പഠിക്കുകയാണെങ്കില്‍ നിനക്കും പ്രവേശനം കിട്ടാവുന്നതെയുള്ളൂ എന്നൊക്കെ ഞാന്‍ പറഞ്ഞു നോക്കി. പഠിക്കുന്ന കാര്യത്തില്‍ മടിയുള്ളവളായിരുന്നതിനാല് ഞാന്‍ ഇടക്കിടെ അവളെ എന്ജിനീയറിഗിനു ചേരുന്ന കാര്യം ഓര്മ്മിപ്പിക്കുമായിരുന്നു.
എന്ഡ്രന്സ് പരീക്ഷ എഴുതിയത് ഞങ്ങളൊരുമിച്ചായിരുന്നു. പരീക്ഷ കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു: “പ്രതീക്ഷച്ചത്രയും എളുപ്പമായിരുന്നില്ല. ഒരുവിധം നല്ലവണ്ണം ആന്‍സര്‍ ചെയ്യുവാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്”.
മറുപടിയെന്നോണം ശ്യാമള പറഞ്ഞു: “ബുദ്ധിമുട്ടി ഇത്രത്തോളം വന്നു പക്ഷെ എഴുതിയത് വെറുതെയായി. ഒരുവക ചോദ്യങ്ങള്‍. എനിക്കറിയാവുന്ന കുറച്ചു ചോദ്യങ്ങള്‍ മാത്രം”.
ശ്യാമളയുമായുള്ള സൌഹൃതത്തിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. താഴെ ക്ളാസ്സു തൊട്ടെ ഒന്നിച്ചുള്ള പഠനമായിരുന്നു. ശ്യാമള ആവശ്യത്തിനും അനാവശ്യത്തിനുമൊക്കെ ടീച്ചറുടെ പിണക്കം ഏറ്റുവാങ്ങുമ്പോള്‍ സഹായത്തിനെത്തുക ഞാനായിരുന്നു. അതുകൊണ്ടു തന്നെ എന്റ നിഴലായിട്ടായിരുന്നു ശ്യാമള ക്ളാസ്സില്‍ പെരുമാറിയിരുന്നത്. കണക്കിലുള്ള സംശയങ്ങള്ക്ക് ടീച്ചര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് മറുപടി കൊടുത്താലും ശ്യാമളയുടെ സംശയം ബാക്കിയായിരിക്കും. അത്തരം അവസരങ്ങളിലെല്ലാം ഞാന്‍ തന്നെ മുന്കൈയ്യെടുത്ത് ശ്യാമളക്കു പറഞ്ഞുകൊടുക്കും. ചിലപ്പോഴൊക്കെ ശ്യാമള പറയും: “ഞാന്‍ പഠിപ്പു നിര്ത്തുകയാണ്. ഒരു വകയും എനിക്ക് മനസ്സിലാകുന്നില്ല.”.
അത്തരം സന്ദര്ഭങ്ങളിലെല്ലാം ഞാന്‍ ശ്യാമളക്ക് ആത്മവിശ്വാസം നല്കും. പഠിക്കുക എന്നത് അത്ര വലിയ പ്രയാസമുള്ള കാര്യമല്ലെന്നും സംശയങ്ങള്‍ ചോദിച്ചാല്‍ മതി എന്നുമെക്കെ ഞാന്‍ ഉത്തേജനം നല്കുമായിരുന്നു. ഒടുവില്‍ പത്താം തരം ശ്യാമള ഒരുവിധം ജയിക്കുയായിരുന്നു. എനിക്കാകട്ടെ ഡിസ്റിങ്ഷനുമുണ്ടായിരുന്നു. ഭാഗ്യമെന്നു പറയട്ടെ, തുടര്ന്നും ഞങ്ങള്ക്കൊരുമിച്ചു പഠിക്കാന്‍ അഡ്മിഷന് കിട്ടിയപ്പോള്‍ എന്നത്തേയും പോലെ സന്തോഷം തോന്നി.
എന്ഡ്രന്സ് എഴുതുന്ന കാര്യം പറയുമ്പോള്‍ ശ്യാമള പറയും: “എന്ജിനീയറിഗിനു പോയാലും പാസ്സാകുമെന്ന പ്രതീക്ഷ എനിക്കില്ല”.
ഒരിക്കല്‍ വഴിയില്‍ വച്ചു ശ്യാമളയുടെ അച്ഛനെ കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു:”ശ്യാമള നല്ലവണ്ണം പഠിക്കുന്നുണ്ട്. ശ്യാമളയെ എന്ഡ്രന്സ് ക്ളാസ്സിനു വിടണമെട്ടൊ”.
ശ്യാമളയും ഞാനും ഒരുമിച്ചാണ് എന്ഡ്രന്സ് പരീക്ഷ ഫീസടച്ചതും കോച്ചിങ്ങിന് പോയിരുന്നതും. ചിലപ്പോഴൊക്കെ കോച്ചിങ് ക്ളാച്ചില് ശ്യാമള ഉഴപ്പുമ്പോള്‍ ഞാന്‍ ഓര്‍മ്മപ്പെടുത്തും:”നല്ലവണ്ണം പരിശ്രമിച്ചാല്‍ മാത്രമെ എന്ജിനീയറിംഗിനു പ്രവേശനം കിട്ടുകയുള്ളൂ”.
എന്ഡ്രന്സ് പരീക്ഷയുടെ റിസല്ട്ട് വന്നപ്പോഴാണ് ഞാന്‍ ശരിക്കും അമ്പരന്നു പോയത്. ശ്യാമള എന്നേക്കാള്‍ വളരെ പിറകിലുള്ള റാങ്കിലായിരുന്നു. എനിക്ക് സത്യത്തില്‍ ശ്യാമളയുടെ മുഖത്തു നോക്കാന്കൂടി മടിതോന്നി. എന്തു പറഞ്ഞാണ് ശ്യാമളയെ സമാധാനിപ്പിക്കുക എന്നതായിരുന്നു എന്റ ചിന്ത. ഇത്രത്തോളം ഒത്തു പരിശ്രമിച്ചിട്ടും റാങ്കില്‍ പിന്നോക്കം പോയതില്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നാതിരുന്നില്ല.
പ്രവേശനം അടുക്കുന്തോറും എനിക്ക് വല്ലാത്ത ടെന്‍ഷന്‍ അനുഭവപ്പെട്ടു. പ്രതീക്ഷിക്കുന്ന സബ്ജക്ട് തന്നെ ലഭിക്കുമൊ, പ്രതീക്ഷിക്കുന്ന കോളേജ് തന്നെ ലഭിക്കുമൊ എന്നതായിരുന്നു എന്റ ടെന്ഷനുള്ള കാരണങ്ങള്‍. ശ്യാമളയെ തല്ക്കാലം ഞാന്‍ ഇത്തരം കാര്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കാരണം ശ്യാമളയുടെ റാങ്കു പ്രകാരം എന്ജിനീയറിംഗിനുള്ള പ്രവേശനം കിട്ടുമൊ എന്നു എനിക്ക് പ്രതീക്ഷയുണ്ടായിരുന്നില്ല.
ഒരു ദിവസം ശ്യാമള എന്നെ അന്വേഷിച്ചു വന്നു. പഴയ കൂട്ടുകാരിയെ കണ്ടതിലുള്ള സന്തോഷം എനിക്ക് മറച്ചു വക്കുവാന് കഴിഞ്ഞില്ല. ഞാന്‍ അവളെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും അവള് അകത്തേക്കു വരാന്‍ കൂട്ടാക്കിയില്ല. പകരം പറഞ്ഞു:”എനിക്ക് എന്ജിനീയറിംഗിനു പ്രവേശനം കിട്ടി. നീ പറഞ്ഞ കോളേജില്‍ തന്നെയാണ്”.
ഞാന്‍ ഒന്ന് അമ്പരക്കാതിരുന്നില്ല. ശ്യാമളക്ക് പ്രവേശനം കിട്ടിയെന്നൊ. അതും ഞാന്‍ പ്രവേശനത്തിനായി ആഗ്രഹിച്ചിരുന്നതും വീട്ടില്നിന്നും പോയി വരാന്മാത്രം ദൂരമുള്ളതുമായ കോളേജില്‍. കൂടുതല്‍ എന്തെങ്കിലും ചോദിച്ചറിയും മുമ്പേ ശ്യാമള തിരക്കു കാണിച്ച് റ്റാറ്റാ പറഞ്ഞു പോയി. ഞാന്‍ അച്ഛന്റ അടുത്ത് ചെന്ന് എനിക്ക് എന്ജിനീയറിംഗിനുള്ള പ്രവേശനം ആകാത്തതിന്റ കാര്യം ചോദിച്ചു. കൂട്ടത്തില്‍ ശ്യാമളക്കു പ്രവേശനം കിട്ടിയ കാര്യവും അച്ഛനോടു പറഞ്ഞു.
അച്ഛന് പ്രത്യേകിച്ചു മറുപടിയൊന്നും പറഞ്ഞില്ല. “അന്യേഷിക്കാം” എന്ന ഒറ്റ വാക്കില്‍ മറുപടി അവസാനിപ്പിച്ചു. കൂട്ടത്തില്‍ അമ്മയോടു പറയുന്നതില്‍ നിന്നും എനിക്ക് ചില കാര്യങ്ങള്‍ മനസ്സിലായി. ശ്യാമള പിന്നോക്ക വിഭാഗത്തില്‍ പെട്ടയാളാണെന്നും അതുകൊണ്ടാണ് ശ്യാമളക്ക് സെല്ഫ് ഫിനാന്സിങ് കോളേജില്‍ മെറിറ്റില്‍ പ്രവേശനം കിട്ടിയതും. എനിക്കും അവിടെതന്നെ പ്രവേശനം ആയിട്ടുണ്ടെന്നും കൂടിയ ഫീസ് കൊടുക്കുന്ന പേമെന്റ് സീറ്റാണ് ലഭിച്ചിരിക്കുന്നതെന്നും മനസ്സിലായി. പേമെന്റ് സീറ്റില്‍ പഠിക്കുന്നയാള്‍ മെറിറ്റില്‍ പഠിക്കുന്നയാളുടെ ഫീസും കൊടുക്കണം. അതിനാലാണ് ഇത്രയും ഭാരിച്ച ഫീസ് വരുന്നത്.
അച്ഛന്റ പിന്നീടുള്ള വാചകങ്ങള്‍ എനിക്ക് സഹിക്കാനാകുമായിരുന്നില്ല. “ഇത്രയും ഭാരിച്ച ഫീസ് നല്കി പെണ്കുട്ടിയെ പഠിപ്പിക്കണമൊ” അച്ഛന്റ സംശയത്തോട് അമ്മയും സമ്മതം മൂളി. അതില്നിന്ന് എനിക്കൊരു കാര്യം വ്യക്തമായി. ഇത്രയും ഫീസ് കൊടുത്ത് പഠിപ്പിക്കാന്‍ അച്ഛന് തയ്യാറല്ല. എന്റ സങ്കടം അണപൊട്ടി ഒഴുകി.
എന്റ ഏന്തി എന്തിയുള്ള കരച്ചില് കേട്ടിട്ടാകണം അമ്മ അച്ഛനെ ഏറെ നിര്ബന്ധിക്കുണ്ടായിരുന്നു. ഒടുവില്‍ അച്ഛന് എന്റ അടുക്കല്‍ വന്നു പറഞ്ഞു: “മോളെ പഠിപ്പിക്കണമെന്നു തന്നെയാണ് അച്ഛന്റ ആഗ്രഹം. മോള് നല്ല കുട്ടിയായി പഠിക്കുമെന്നും അച്ഛനറിയാം”.
അച്ഛന് എന്റ കണ്ണുനീര് തുടച്ചു. പഠിക്കുവാനുള്ള തയ്യാറെടുപ്പു തുടങ്ങിക്കൊള്ളാന്‍ സമ്മതം നല്കി.
അങ്ങനെയാണ് ഞാന്‍ എന്ജിനീയറിംഗിനുള്ള പഠനം തുടങ്ങിയത്. ശ്യാമളയുമൊത്ത് ഒരേ ക്ളാസ്സിലാണ് ഞങ്ങളുടെ പഠനം തുടങ്ങിയത്.
ഫീസ് കൊടുക്കേണ്ട സമയം വരുമ്പോള്‍ ഞാന്‍ പറയും: “നിന്റ സെല്ഫ് ഫിനാന്സിങ് ഫീസു കൂടിയാണ് ഞാന്‍ കൊടുക്കുന്നത്”. ശ്യാമള മറുത്ത് എന്തെങ്കിലും പറയും. പതിവുപോലെ ഞാന്‍ മൌനം പാലിക്കുകയെയുള്ളൂ. ഇത്തരം കാര്യങ്ങള്‍ സംസാരിച്ചു വഷളാക്കി സൌഹൃദങ്ങള്‍ ഉലക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.
രണ്ടാം വര്‍ഷ അവസാന സെമസ്റര്‍ ഫീസടക്കാറായപ്പോള് അച്ഛന് പറഞ്ഞു: “നിറുത്തുക. വല്ല ജോലിക്കും പോകാന്‍ ശ്രമിക്കുക”.
അവിടേയും എന്റ കണ്ണു നീരിന്റ മുന്പില് അച്ഛന് തോല്‍വി സമ്മതിച്ചു. ഒരുവിധം രണ്ടാം വര്ഷം ഫീസടച്ചു. അപ്പോഴേക്കും ഞാന്‍ ട്യൂഷന് ടീച്ചറായി മാറിയിരുന്നു. ശ്യാമളക്കു പറഞ്ഞു കൊടുത്തിരുന്ന മുന്പരിചയം എനിക്ക് മുതല്‍ കൂട്ടായി. അതുകൊണ്ടു തന്നെ ടീച്ചറു പണി അത്ര ഭാരമായി എനിക്ക് തോന്നിയിരുന്നില്ല.
പിന്നീടെപ്പോഴൊ കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമായി. ശ്യാള കോളേജിലേക്ക് പോകുന്നത് ഒറ്റക്കായി. എന്റ പഠനം പാതി വഴിയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എനിക്ക് വലിയ പ്രയാസം തോന്നിയില്ല. അച്ഛന് ഏറെക്കുറെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു. പണത്തിന്റ ആവശ്യം ഏറി വരുമ്പോള്‍, പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ കോഴ്സിനു വേണ്ടി ചിലവഴിച്ച കാശിനെപ്പറ്റിയാവും വേവലാതി.
ട്യൂഷന് മാത്രം പോര, ഒരു ഉദ്യോഗം കൂടി വേണമെന്നു പറഞ്ഞതും അപേക്ഷകളയക്കാന് പ്രേരിപ്പിച്ചതും അച്ഛനായിരുന്നു. കൂട്ടത്തില്‍ സ്വീപ്പറുടെ ജോലിക്കായി അപേക്ഷ അയക്കാന്‍ പ്രേരിപ്പിചതും അച്ഛന് തന്നെയായിരുന്നു. അച്ഛന് പറഞ്ഞതുപോലെ സംഭവിച്ചു. സ്വീപ്പറുടെ ജോലിയായിരുന്നു എനിക്ക് വിധിച്ചിരുന്നത്.
ഞാന്‍ ജോലിക്ക് ജോയിന്‍ ചെയ്യാന്‍ അച്ഛനെ കൂട്ടിയാണ് പോയത്. എനിക്ക് ജോലിയില്‍ പ്രവേശിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ശ്യാമളയുടെ ഓഫീസിലായിരുന്നു ജോലിക്ക് ജോയിന്‍ ചെയ്തത്. ശ്യാമള ഓഫീസ് മേധാവിയായി അതിനു മുമ്പെ ചാര്ജെടുത്തിരുന്നു.
(എസ്.കാച്ചപ്പിള്ളിയുടെ പുതിയ കഥാ പുസ്തകത്തില്‍ നിന്നെടുത്തത്)
No comments:
Post a Comment