Friday, April 13, 2012

രണ്ടാം ഭൂപരിഷ്ക്കരണം

രണ്ടാം ഭൂപരിഷ്ക്കരണം
കേരളത്തിന് അതിന്റ തനത് വിപ്ളവ ശൈലിയുണ്ട്. മുന്‍കാലങ്ങളില്‍ എപ്പോഴൊ രൂപപ്പെട്ട ഇത്തരം ശൈലികളാണ് കേരളത്തിനെ ലോകത്തിലെതന്നെ ആദ്യത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭയായി ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിച്ചതും. ജനാധിപത്യത്തിലൂടെ കമ്മ്യൂണിസ്റ് മന്ത്രിസഭ എന്നതുതന്നെ ഒരു പരിഹാസത്തിന്റ ബാക്കി നിലനിര്‍ത്തുന്നു. പഴയ കാലഘട്ടത്തില്‍ പുരോഗമന ചിന്തകള്‍ പ്രചരിപ്പിക്കുന്നതില്‍ കര്‍മ്മോല്‍സുകരായ ഒട്ടനവധി നേതാക്കളുണ്ടായിരുന്നു. അത്തരം കാലഘട്ടത്തില്‍ എപ്പോഴൊ രൂപപ്പെട്ടതായിരുന്നു വിദ്യാഭ്യാസ പരിഷ്ക്കരണവും ഭൂപരിഷ്ക്കരണവും. വിദ്യാഭ്യാസ പരിഷ്ക്കരണം എന്നതുകൊണ്ട് വിദ്യാഭ്യാസ ദേശവല്‍ക്കരണമാണ് എന്ന് ഒരുവിഭാഗം പ്രചരിപ്പിച്ചു. വിദ്യാഭ്യാസ പരിഷ്ക്കരണം എന്നത് വിദ്യാഭ്യാസ ദേശവല്‍ക്കരണം’ എന്ന നിലപാടിനെ പരാജയപ്പെടുത്തുവാന്‍ കേരള ജനതക്ക് കഴിഞ്ഞിട്ടുണ്ട്. കാലാന്തരത്തില്‍ ആശയങ്ങളെ വേണ്ടുംവിധം വിശകലനം ചെയ്യാന്‍ കഴിയാത്തവരും നല്ല സമൂഹ പശ്ചാത്തലത്തില്‍ ജനിച്ചു വളരാന്‍ സാധിക്കാത്തവരും പുതിയ നേതൃത്വത്തിനായ് കടിപടികൂടി. അവരാകട്ടെ സ്വന്തമല്ലാത്ത ആശയങ്ങള്‍ കേട്ടതും കണ്ടതും അവരാല്‍ കഴിയുംവിധം നല്ല ഹാസ്യകഥാപാത്രങ്ങളെപോലെ പ്രസംഗ രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്തു. അധികാരത്തില്‍ എത്തിപ്പെടുന്നതിനായി ഉയര്‍ന്ന കാര്യക്ഷമതയും ഉയര്‍ന്ന സാമൂഹ്യ അവബോധവുമുള്ളവരെ ജനമദ്ധ്യത്തില്‍ അവഹേളിക്കുകയും അവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും പതിവാക്കി. ഭൂ പരിഷ്ക്കരണംവഴി യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് ഭൂമിയുടെ അവകാശം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. വിവിധ ജനവിഭാഗങ്ങളില്‍ നിന്നുള്ള ക്രമാതീതമായ പിന്തുണ ഭൂപരിഷ്ക്കരണ നിയമം നടപ്പാക്കാനും ഏറെ വോട്ടു ബാങ്കു വളര്‍ത്തിയെടുക്കാനും കേരളത്തിനു കഴിഞ്ഞു.
ഭൂപരിഷ്ക്കരണം, ഫലത്തില്‍, കേരളത്തിലെ ഭൂമിയെ തുണ്ടു തുണ്ടായി വിഭജിക്കുകയും ആധുനിക രീതിയിലുള്ള കൃഷി രീതികളെ അസാധ്യമാക്കുകയും ചെയ്തു. ഫലമൊ സ്വന്തം അന്നത്തിനായി മറ്റു സംസ്ഥാനങ്ങളെ അമിതമായി ആശ്രയിക്കേണ്ടതായി വന്നതിനു പുറമെ ഭൂമിയുടെ വില വര്‍ദ്ധനവ് നിയന്ത്രണത്തിനപ്പുറമാവുകയും ചെയ്തു. തെറ്റുതിരുത്തി ഇനിയൊരിക്കലും ആധുനിയ രീതിയിലുള്ള കൃഷിരീതിയിലേക്ക് കടന്നുവരാന്‍ സാദ്ധ്യമല്ലാത്തവിധം അതു വളര്‍ന്നു. ടെക്നോളജി മേഖലയിലുള്ള ലോകത്തിന്റ വളര്‍ച്ച നമ്മള്‍ കണ്ടില്ലെന്നു നടിച്ചു. അപ്പോഴേക്കും ഹാസ്യകഥാപാത്രങ്ങള്‍ ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും പിടിമുറുക്കിയിരുന്നു. അവരാകട്ടെ പണിയെടുക്കുന്നവന് കൂരകെട്ടാന്‍ അസാധ്യമാക്കുംവിധം വിപ്ളവ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ മത്സരിച്ചു. വാക്കും പ്രവര്‍ത്തിയും തമ്മില്‍ യോജിക്കുന്നുണ്ടൊ എന്നു പരിശോധിക്കുവാന്‍ ആരുംതന്നെ തയ്യാറായതുമില്ല. നാണമില്ലാത്തവന് എന്തും പറയാമെന്ന പരിതാപകരമായ അവസ്ഥ കേരളത്തില്‍ സംജാതമായി. ജോലിക്കു പോകുന്നതിലും നല്ലത് സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ വച്ചുനീട്ടുന്ന വാഗ്ദാനങ്ങള്‍ വാങ്ങികൂട്ടുകയാണെന്ന ആപത്കരമായ മോഹം കേരളത്തില്‍ നിലവില്‍ വന്നു. അതിന്റ തുടര്‍ച്ചയെന്നോണം ഒരു രൂപക്ക് അരി എന്ന ജനകീയ വാഗ്ദാനം നടപ്പാക്കാനും ഏറെ വോട്ടു ബാങ്കു വളര്‍ത്തിയെടുക്കാനും കേരളത്തിനു കഴിഞ്ഞു.
ആദ്യ ഭൂ പരിഷ്ക്കരണത്തോടുകൂടിതന്നെ നാട്ടില്‍ നിലനിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതി മാറിമറിഞ്ഞിരുന്നു. കൈയ്യൂക്കും കൊടികുത്തലും ന്യായാന്യായങ്ങളെ മാറ്റിമറിക്കലും പതിവായി. നീതിന്യായ ബോധമില്ലാത്തവര്‍ ജനാധിപത്യത്തിന്റ കാവല്‍ക്കാരായി. സര്‍ക്കാര്‍ തൊഴില്‍സ്ഥാപനങ്ങളിലും അതീവ ഗൌരവകരമായ ഉന്നതവിദ്യാഭ്യാസം, ഗവേഷണം തുടങ്ങിയ മേഖലയില്‍പ്പോലും കാര്യക്ഷമത പരിഗണിക്കാതായി. കാര്യക്ഷമത പരിഗണിക്കാതെ ജാതി തിരിച്ചുള്ള നിയമനങ്ങളും വീതംവക്കലും സമൂഹത്തിന്റ എല്ലാ മേഖലയിലും നിലവാരത്തകര്‍ച്ച ഉറപ്പാക്കി. ഫലത്തില്‍ ആദ്യ ഭൂ പരിഷ്ക്കരണം കിടപ്പാടമില്ലാത്തവരുടെ എണ്ണം കാലാന്തരത്തില്‍ വര്‍ദ്ധിപ്പിച്ചു. അവരാകട്ടെ സര്‍ക്കാരിന്റ വാഗ്ദാനങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് കൂട്ടുകുടുംബമായി നിലകൊള്ളുന്നു.
ഭരണ നേതൃത്വത്തിലും രാഷ്ട്രീയ നേതൃത്വത്തിലും നിലയുറപ്പിച്ച ഹാസ്യ കഥാപാത്രങ്ങള്‍ ഭൂമിയുടെ കൃത്രിമമായ അപര്യാപ്തത സൃഷ്ടിച്ച് റിയല്‍ എസ്റേറ്റ് രംഗത്ത് സാമ്പത്തീക നേട്ടങ്ങള്‍ കൊയ്തു. പണിയെടുക്കുന്നവന് സ്വന്തമായി അരസെന്റ് ഭൂമി പോലും വാങ്ങാന്‍ കഴിയാത്ത ശോചനീയമായ അവസ്ഥ. യഥാര്‍ത്ഥത്തില്‍ കൂര വക്കാന്‍ നിവര്‍ത്തിയില്ലാത്തവന് ഭൂമി ലഭിക്കാതായതിനു പുറമെ നാട്ടിലെ അത്യാവശ്യം വേണ്ട ജോലിക്കു പോലും അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വരുന്നു. അന്യസംസ്ഥാനക്കാരെ ആശ്രയിക്കേണ്ടി വരുമ്പോഴും അവനും തങ്ങളെപ്പോലെ സഹജീവിയാണെന്ന ചിന്ത പുതിയ സാമൂഹ്യ വ്യവസ്ഥിതിയിലൂന്നിയ കേരളീയന്‍ കൈവെടിഞ്ഞു. ന്യായാന്യായങ്ങളെ വിസ്മരിക്കുന്നതും അന്നത്തിനുവേണ്ടി അന്യസംസ്ഥാനക്കാരെ അമിതമായി ആശ്രയിക്കേണ്ടി വരുന്നതും ലോകത്തിലെ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം തന്നെയാണ്.
ന്യായാന്യായങ്ങളിലും ധാര്‍മ്മീക ബോധത്തിലും വിശ്യാസം നഷ്ടപ്പെടാന് കേരള ജനതക്ക് ഇത്രയൊക്കെ മതിയായിരുന്നു. രാഷ്ട്രീയത്തിലും ഭരണത്തിലും പിടിമുറുക്കിയ ഹാസ്യകഥാപാത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ അസ്വസ്ഥതയുണ്ടാക്കുംവിധം പ്രസംഗിച്ചുകൊണ്ടിരിക്കുന്നു. അന്യസംസ്ഥാനക്കാരെ പുച്ഛത്തോടെ കാണുന്ന കേരളത്തില്‍ രണ്ടാം ഭൂപരിഷ്ക്കരണം എന്ന ആശയവും ന്യായന്യായങ്ങളിലൊ, ധാര്‍മ്മീക ബോധത്തിലൊ ഊന്നിയതാവാന്‍ കാരണമില്ല.
താരതമ്യേന കാര്യക്ഷമതയും അവലോകശേഷിയും കുറഞ്ഞവര്‍ ധാര്‍മീകത കൈവെടിഞ്ഞ് കൂടുതല്‍ ഭൂമി സ്വന്തമാക്കുന്നതില്‍ മത്സരിച്ചു. കൂടികിടപ്പവകാശംവഴി സ്വന്തമാക്കിയതിനു പുറമെ മറ്റു രീതിയിലും ഭൂമി സ്വന്തമാക്കുന്നതിലവര്‍ വിജയിച്ചു. അതിലവര്‍ക്ക് ന്യായാന്യായവും ധാര്‍മ്മീക ബോധവും കൈവെടിഞ്ഞ രാഷ്ട്രീയത്തിലെ ഹാസ്യകഥാപാത്രങ്ങളുടെ പിന്തുണ ഏറെ ലഭിച്ചു. കുടികിടപ്പവകാശം വഴി ഭൂമി ലഭിച്ചവര്‍, അതുവഴി ലഭിച്ച ഭൂമിയേക്കാള്‍ കൂടുതല്‍ ഭൂമി വാങ്ങികൂട്ടിയതില്‍നിന്നും കുടികിടപ്പവകാശം വഴി ലഭിച്ച അത്ര തന്നെ ഭൂമി തിരിച്ചു നല്‍കാനുള്ള സന്നദ്ധത കാട്ടേണ്ടിയിരിക്കുന്നു. അങ്ങനെ സന്നദ്ധത പ്രകടിപ്പിക്കാത്തവരില്‍ നിന്നും ആവശ്യമായ ഭൂമി തിരിച്ചു പിടിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരു സാമൂഹ്യ ബാധ്യത നിയവേറ്റേണ്ടത് ഒന്നാം ഭൂപരിഷ്ക്കരണത്തിന്റ തുടര്‍ച്ചയായി കണക്കാക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഭൂമി തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ മാത്രമെ ഭൂ പരിഷ്ക്കരണത്തോടുകൂടി സമൂഹത്തില്‍ വിതച്ച നെറിവു കേടിനു പ്രായച്ഛിത്തമാവുകയുള്ളൂ. അതുവഴി കൃത്രിമമായി സൃഷ്ടിക്കുന്ന ഭൂമിയുടെ വിലവര്‍ദ്ധനവ് ഒരു പരിധിവരെ തടയുവാനും കഴിയുന്നു. ഇപ്പോഴത്തെ ഭൂമിയുടെ വിലവര്‍ദ്ധനവ് വഴി വീര്‍പ്പുമുട്ടുന്ന കിടപ്പാടമില്ലാത്ത സഹോദരങ്ങള്‍ക്ക് കിടപ്പാടത്തിന് ആവശ്യമായ ഭൂമി നല്‍കുവാനുള്ള യഥാര്‍ത്ഥ പരിഹാരമാര്‍ഗവും അതുവഴി സമൂഹത്തിന് ലഭിക്കുന്നു. - എസ്.കാച്ചപ്പിള്ളി

No comments:

Post a Comment