Wednesday, July 8, 2020

നികുതിഭാരം  - കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന വിശേഷണത്തിലാണ് ലോകമെങ്ങും അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത്.  മനോഹരമായ ഈ ഭൂപ്രദേശത്തെ ലോകടൂറിസം വളരെ താത്പര്യത്തോടെ നോക്കി കാണുന്നു.  ആരോഗ്യ മേഖലയിലും വിജ്ഞാന മേഖലയിലുമൊക്കെയുള്ള മേല്‍കൈ നമ്മെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാന്‍ പോന്നതാണ്. 

ഉല്‍പ്പാദന മേഖലയില്‍ കേരളത്തിന് എടുത്ത് പറയാവുന്ന നേട്ടങ്ങളൊന്നും തന്നെയില്ല.  തൊഴില്‍ മേഖലയിലുള്ള സമരാന്തരീക്ഷവും നോക്കുകൂലി പോലെയുള്ള പിടിച്ചു പറിയുമൊക്കെയാണ് കേരളത്തിലെ ഉല്‍പ്പാദന മേഖല മന്ദീഭവിക്കാന്‍ കാരണമായിട്ടുള്ളത്. 

കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍ നിയമനങ്ങളാണ് കേരള യുവത തൊഴിലിനായി ലക്ഷ്യം വക്കുന്നത്.  ജാതിയുടെ അടിസ്ഥാനത്തില്‍ വീതം വയ്ക്കുന്ന ഈ തൊഴില്‍ മേഖല പക്ഷെ നികുതിദായകരായ ജനങ്ങളുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല.  സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലഘട്ടത്തിനൊത്ത വിധം നവീകരിക്കാനൊ അധികം വരുന്ന ജീവനക്കാരെ പുനരധിവസിപ്പിക്കാനൊ നാളിതുവരെ മാറി മാറി വരുന്ന രാഷ്ട്രീയ നേതൃത്തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. 

സര്‍ക്കാര്‍ മേഖലയിലെ ഇത്തരം നിയമനങ്ങള്‍ തങ്ങളുടെ നേട്ടത്തിന്‍റെ പട്ടികയില്‍ ചേര്‍ക്കുവാനാണ് വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് താല്‍പ്പര്യം.  അതുകൊണ്ടു തന്നെ കാലഘട്ടങ്ങള്‍ ഏറെ മാറിയിട്ടും ബ്രിട്ടീഷുകാര്‍ ഭരിച്ച നാളുകളെ ഓര്‍മിപ്പിക്കും വിധമാണ് നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ നടത്തുന്നത്.  കാലഘട്ടത്തിനൊത്തു നവീകരിക്കുകയാണെങ്കില്‍ പുത്തന്‍ സാങ്കേതികവിദ്യയിലൂടെ നമ്മുടെ നികുതിദായകന്‍റെ അമിതമായ ഭാരം ഇല്ലാതാക്കുവാന്‍ കഴിയുമായിരുന്നു.

നമ്മുടെ പ്രധാന സര്‍ക്കാര്‍ തൊഴില്‍ മേഖല വിദ്യഭ്യാസ മേഖലയില്‍ പണിയെടുക്കുന്നവരാണ്.  നമ്മുടെ സര്‍ക്കാര്‍, എയ്ഡറ്റ് സ്കൂളുകളിലാകട്ടെ വിദ്യാര്‍ത്ഥികളുടെ എണ്ണം തുലോം കുറവുമാണ്.  പുത്തന്‍ യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി ഒരു വില്ലേജില്‍ ഒന്ന് എന്ന രീതിയില്‍ സ്ക്കൂളുകള്‍ പുന:ക്രമീകരിക്കുകയാണെങ്കില്‍ കേരളത്തിന്‍റെ നികുതിഭാരം ഇല്ലാതാക്കുവാനും അത്തരം സ്ക്കൂളൂകള്‍ ആധുനീകവല്‍ക്കരിക്കാനും കഴിയുന്നതാണ്. 

കേരളമൊരു ഭീകര സംസ്ഥാനമായി കണക്കാക്കപ്പെടുന്നില്ല.  വല്ലപ്പോഴുമുള്ള രാഷ്ട്രീയ കോലാഹലങ്ങള്‍ ഒഴിവാക്കിയാല്‍ കേരള അന്തരീക്ഷം താരതമ്യേന ശാന്തവുമാണ്.  യാത്രാ സൗകര്യമൊ പുത്തന്‍ സാങ്കേതിക വിദ്യകളൊ ഒന്നുമില്ലാതിരുന്ന കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് നമ്മുടെ കൊച്ചു കേരളത്തിലെ പോലീസുകാരുടെ നിയമനങ്ങളുടെ സഘ്യകള്‍.

മേല്‍പറഞ്ഞവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. ജനങ്ങളുടെ മേല്‍ ഭാരിച്ച നികുതിഭാരം ചുമത്തി സര്‍ക്കാര്‍ ജീവനക്കാരനെന്നും അല്ലാത്തവനെന്നും വേര്‍തിരിവ് സൃഷ്ടിച്ച് രണ്ടുതരം പൗരډാരെ വളര്‍ത്തിയെടുക്കുക എന്നതാണ് രാഷ്ട്ര പുരോഗതി എന്ന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ചിന്തിക്കുന്നു.  ആയത് ഓരോ സര്‍ക്കാര്‍ ഓഫീസുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പരിശോധിച്ചാല്‍ നമുക്ക് അിറയാന്‍ കഴിയുന്നതാണ്.

ഇന്നത്തെ നിലയില്‍ നമ്മുടെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നവീകരിച്ചും പുത്തന്‍ സാങ്കേതിക വിദ്യ നടപ്പിലാക്കിയും നിയമനങ്ങളില്‍ ജാതി തിരിച്ചുള്ള പങ്കുവയ്പ് അവസാനിപ്പിച്ചും ജീവനക്കാരന്‍റെ പുനര്‍വിന്യാസം നടപ്പിലാക്കിയും നികുതിദുയകരുടെ നികുതിഭാരം ഇല്ലാതാക്കുകയൊ അത്തരം സമ്പത്ത് സംസ്ഥാനത്തിന്‍റെ വികസനത്തിനായി ഉപയോഗപ്പെടുത്തുകയൊ ചെയ്യാന്‍ അമാന്തിക്കരുത്.
 എസ്. കാച്ചപ്പിള്ളി

No comments:

Post a Comment